കൊരട്ടി: ഹൈടെക് പദവിയിലേക്ക് പ്രതീക്ഷ അര്‍പ്പിച്ചാണ് കൊരട്ടി പുതുവര്‍ഷത്തിലേക്ക് കടന്നിരിക്കുന്നത്.

രാജ്യാന്തര പദവിയിലേക്ക് ഉയരുന്ന ഐ.ടി. പാര്‍ക്ക്, വ്യവസായ വളര്‍ച്ചയുടെ കുതിപ്പായ കിന്‍ഫ്ര, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ആധുനിക പരിശീലന കേന്ദ്രം, മോട്ടോര്‍ വാഹന പരിശീലനകേന്ദ്രം. വികസനത്തിന്റെ പാതയില്‍ കൊരട്ടിക്ക് സാധ്യതകളുടെ പട്ടിക നീളുകയാണ്.

വ്യവസായിക പ്രതാപത്തില്‍നിന്നും അടച്ചുപൂട്ടലിന്റെ തളര്‍ച്ചകളും ദുരിതവും കണ്ട കൊരട്ടി ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്. 55കളില്‍ മികച്ച ജീവിത സൗകര്യങ്ങളും ആകര്‍ഷകമായ ശമ്പളവും നല്‍കി ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച ജെ. ആന്‍ഡ് പി. കോട്‌സിലൂടെ കൊരട്ടിക്കാരുള്‍പ്പെടെ മൂവായിരത്തോളം പേര്‍ക്കാണ് തൊഴില്‍ അവസരം ലഭിച്ചത്. 66ല്‍ പനമ്പിള്ളിയുടെ ശ്രമഫലമായി നൂറ് ഏക്കറില്‍ സ്ഥാപിച്ച കേന്ദ്ര ഗവണ്‍മെന്റ് പ്രസ്സും രണ്ട് പതിറ്റാണ്ടുകള്‍ മുമ്പുവരെ നല്‍കിയിരുന്നത് പ്രതാപകാലമാണ്. പല സ്ഥാപനങ്ങള്‍ ഇടക്കാലങ്ങളില്‍ ഏറ്റെടുത്ത ജെ. ആന്‍ഡ് പി. കോട്‌സ് പൂര്‍ണമായും അടച്ചുപൂട്ടിക്കഴിഞ്ഞു. ഗവ. പ്രസ്സും പൂര്‍ണമായും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. രണ്ട് സ്ഥാപനങ്ങളിലുമായി ഏതാണ്ട് ഇരുന്നൂറ് ഏക്കറോളം സ്ഥലമുണ്ട്. നിര്‍മ്മാര്‍ജ്ജനത്തിന്റെ ലക്ഷ്യം പൂര്‍ത്തിയാക്കുന്ന കുഷ്ഠരോഗാസ്​പത്രിയുടെ നൂറോളം ഏക്കര്‍ വരുന്ന സ്ഥലമാണ് കൊരട്ടിക്ക് പ്രതീക്ഷയാകുന്നത്.

പനമ്പിള്ളി അടക്കമുള്ള പൂര്‍വ്വികര്‍ ദീര്‍ഘവീക്ഷണത്തോടെ ജന്മനാടിന് നല്‍കിയ കരുതലാണ് അതിജീവനത്തിന്റെ വഴിയില്‍ കൊരട്ടിക്ക് തുണയാകുന്നത്. ഭൗതികസൗകര്യങ്ങളെ ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കാനുള്ള സര്‍ക്കാരിന്റെയും വികസന കാഴ്ചപ്പാടില്‍ സന്ധിയില്ലാതെ പ്രവര്‍ത്തിക്കുന്ന ബി.ഡി. ദേവസ്സി എം.എല്‍.എ. അടക്കമുള്ള ജനപ്രതിനിധികളുടെയും ഇടപെടലുകള്‍ കൊരട്ടിയുടെ വളര്‍ച്ചയ്ക്ക് ശക്തിപകരുകയാണ്.

നടപ്പുര തുറന്ന് ഇന്‍ഫോപാര്‍ക്ക്

ഐ.ടി. നഗരത്തിന്റെ പ്രതാപത്തോടെ അവസാനഘട്ട നിര്‍മ്മാണത്തിലേക്ക് കുതിക്കുന്ന ഇന്‍ഫോ പാര്‍ക്കിന്റെ രണ്ടാംഘട്ട സമര്‍പ്പണം 21ന് നടക്കുകയാണ്. മൂന്ന് ലക്ഷം ചതുരശ്ര അടി സ്ഥലത്ത് സ്ഥാപിക്കുന്ന രണ്ടാംഘട്ടത്തിലൂടെ മൂവായിരത്തോളം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാംഘട്ട വികസനത്തിന് തുടക്കത്തില്‍ത്തന്നെ സെസ്സ് പദവി ലഭിച്ചുകഴിഞ്ഞു. ഏഴുനിലകളിലായി പൂര്‍ണ്ണമായി എയര്‍കണ്ടീഷന്‍, സ്വന്തമായി കുടിവെള്ള പദ്ധതി, പവര്‍‌സ്റ്റേഷന്‍ അടക്കമുള്ള ആധുനിക സംവിധാനമാണ് രണ്ടാംഘട്ട പദ്ധതിയില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന പഴയ ജെ. ആന്‍ഡ് പി. കോട്‌സിന്റെ (െവഗെ)യുടെ അമ്പത്തിഅഞ്ചുകളില്‍ നിര്‍മ്മിച്ച കോര്‍ട്ടേഴ്‌സുകളെ നവീകരിച്ചാണ് ഐ.ടി. പാര്‍ക്കിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയത്. മികച്ച രീതിയില്‍ തന്നെ നിര്‍മ്മിച്ചിരുന്ന കോര്‍ട്ടേഴ്‌സുകളാണ് റിക്കാര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കി നാല്പതോളം കമ്പനികള്‍ക്ക് ഇടം നല്‍കിയത്. ഇതോടൊപ്പം വെഗെയുടെ തന്നെ മുപ്പത് ഏക്കറിലാണ് രണ്ടാംഘട്ടം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഏറ്റെടുക്കുന്ന കമ്പനികളുടെ സൗകര്യത്തിന് അവസാനവട്ട നിര്‍മ്മാണത്തിന് അവസരമൊരുക്കിയാണ് കൈമാറ്റം നടക്കുന്നത്.

അടച്ചുപൂട്ടല്‍ പൂര്‍ത്തിയാക്കിയ വെഗെയുടെ ശേഷിക്കുന്ന നാല്പത് ഏക്കര്‍ ഭൂമി കൂടി കര്‍ണ്ണാടക കോടതി ചുമതലപ്പെടുത്തിയിരിക്കുന്ന ലിക്വിഡേറ്ററുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇത് ഇന്‍ഫോ പാര്‍ക്കിന്റെ മൂന്നാംഘട്ട നിര്‍മ്മാണത്തിന് വിട്ടുനല്‍കാനാണ് സാധ്യത. 2016 അവസാനത്തോടെ ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഇതോടൊപ്പം ഉറപ്പുള്ളതും മികച്ച കെട്ടിടങ്ങളുടെ സൗകര്യങ്ങള്‍ കണക്കിലെടുത്ത് മറ്റു വികസന സാധ്യതകളും ഇവിടേക്കായി പരിഗണിക്കുന്നുണ്ട്. പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ സംസ്ഥാനത്തെ തന്നെ ശ്രദ്ധേയമായ ഐ.ടി. കേന്ദ്രമായി മാറും.

Share

Powered by moviekillers.com