കൊരട്ടിയിലെ ഇൻഫോപാർക്കിന്റെ രണ്ടാംഘട്ടമായി നിർമിച്ച ഇന്ദീവരം എന്ന കെട്ടിടം 21ന് തുറക്കും. കൊച്ചി ഇൻഫോപാർക്കിന്റെ ഉപകേന്ദ്രമായി വികസിപ്പിച്ച കൊരട്ടി പാർക്ക് ‘ഇൻഫോപാർക്ക് തൃശൂർ’ എന്ന പേരിൽ ബ്രാൻഡ് ചെയ്ത് തൃശൂരിന്റെ ഐടി ഹബ് ആക്കാൻ ശ്രമം തുടങ്ങി.

നിലവിൽ എട്ട് ഐടി കമ്പനികൾ ഇന്ദീവരത്തിൽ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. അൽമോതാഹിത എജ്യൂക്കേഷൻ, യുവിയോണിക്സ് ടെക്, യോപ്റ്റിമിസോ ഐടി സൊല്യൂഷൻസ്, ബ്രഡോക് ഇൻഫൊടെക്, ഐസിറ്റി അക്കാദമി എന്നിവയ്ക്ക് 21ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം നടത്തുമ്പോൾത്തന്നെ താക്കോൽ കൈമാറും

കൊച്ചി വിമാനത്താവളത്തിലേക്ക് വെറും 15 മിനിറ്റ് മാത്രമെന്നതും ഹൈവേയോടു ചേർന്നു കിടക്കുന്നതും തൃശൂർ, കൊച്ചി നഗരങ്ങളിൽ നിന്ന് മുക്കാൽ മണിക്കൂറിനകം എത്താവുന്ന സ്ഥലമാണെന്നതുമാണ് കൊരട്ടിയെ ആകർഷകമാക്കുന്നത്. പൂട്ടിപ്പോയ വൈഗ ത്രെഡ്സിന്റെ 30 ഏക്കർ ഏറ്റെടുത്ത് സംസ്ഥാന ഐടി വകുപ്പ് വികസിപ്പിക്കുകയായിരുന്നു.

ഇവിടെ 18 ഏക്കറിലെ സെസിലാണ് ഇൻഫോപാർക്കിന്റെ നേതൃത്വത്തിൽ 76 കോടി മുടക്കി 3.3 ലക്ഷം ചതരുശ്രയടി വിസ്തീർണമുള്ള പുതിയ കെട്ടിടം പണികഴിപ്പിച്ചത്. 3000 പേർക്ക് തൊഴിൽ സൗകര്യം ലഭിക്കും. നിലവിൽ ഇവിടെ ചെറിയ കെട്ടിടങ്ങളിലായി സ്റ്റാർട്ടപ് കമ്പനികൾ ഉൾപ്പടെ 30 ചെറിയ ഐടി കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. 700 പേർക്ക് തൊഴിൽ ലഭിക്കുന്നുമുണ്ട്.

അതിനു പുറമെ കേരളത്തിലെ മറ്റേത് ഐടി പാർക്കിലെയും സൗകര്യങ്ങളുമായി കിടപിടിക്കുന്നതും എന്നാൽ ചെലവ് 30% കുറവു വരുന്നതുമായ പാർക്കാണു തുറക്കുന്നതെന്ന് ഇൻഫോപാർക്ക് സിഇഒ ഋഷികേശ് നായർ അറിയിച്ചു. ഇന്ദീവരത്തിലെ ഒന്നാംനിലയിൽ സ്റ്റാർട്ടപ്പുകൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പ്ളഗ് ആൻഡ് പ്ളേ സൗകര്യങ്ങളാണുള്ളത്.

ഓഫിസ് സ‍ജ്ജീകരിച്ചിരിക്കുന്നതിനാൽ ആർക്കും വന്ന് ഉടനടി പ്രവർത്തനം തുടങ്ങാം. ചതുരശ്രയടിക്ക് 45 രൂപയാണു വാടക. ഐടി കയറ്റുമതി ലക്ഷ്യമിടുന്ന കമ്പനികൾക്ക് സെസിനകത്തുള്ള ഇന്ദീവരം പ്രയോജനപ്പെടും. 11 കെവി സബ്സ്റ്റേഷൻ ഉള്ളതിനാൽ വൈദ്യുതിക്കു മുടക്കമില്ല. 15 ഏക്കർ കൂടി ഗവ. അനുവദിച്ചിട്ടുമുണ്ട്.

Share

Powered by moviekillers.com