കൊരട്ടി പഞ്ചായത്തിലെ പൊതുമാര്‍ക്കറ്റ് തുറക്കുവാന്‍ നടപടിയായില്ല.മാര്‍ക്കറ്റില്‍ കശാപ്പ് ശാലകള്‍ ഇല്ലാത്ത കാരണം പഞ്ചായത്ത് പരിധിയില്‍ അനധികൃത കശാപ്പ് ശാലകള്‍ പെരുകുന്നു.ഇതിനെതിരെ നടപടിയെടുക്കുന്നില്ലെന്നും പരാതി.ആധുനിക കശാപ്പ് ശാലയില്ലാതെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന മാംസ വിതരണ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടണമെന്ന കോടതി വിധിയെ തുടര്‍ന്നാണ് കഴിഞ്ഞ ഭരണ സമിതി മാര്‍ക്കറ്റ് അടച്ചു പൂട്ടിയത്.
മൂന്ന് വര്‍ഷമായിട്ടും പുതിയ ആധുനിക കശാപ്പ് ശാലകള്‍ നിര്‍മ്മിക്കുവാന്‍ ഒരു നടപടിയുമായിട്ടില്ല.മാര്‍ക്കറ്റും പരിസരവും ഇപ്പോള്‍ കാടു പിടിച്ച് നശിക്കുകയാണ്.ആധുനിക കശാപ്പ് ശാല നിര്‍മ്മിക്കുവാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.പഴയ ദേശീയപാതയോരത്ത് 40 സെന്റ് സ്ഥലത്താണ് മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്.എന്നാല്‍ പുതിയ നിയമം അനുസരിച്ച് ആധുനിക കശാപ്പ് ശാലയോടെ മാര്‍ക്കറ്റ് പ്രവര്‍ത്തക്കണമെങ്കില്‍ അരയേക്കറോളം സ്ഥലം വേണം.
ആധുനിക കശാപ്പ് ശാല നിര്‍മ്മിക്കുന്നതിന് കഴിഞ്ഞ ഭരണ ശ്രമംആരംഭിച്ചെങ്കിലും സ്ഥലത്തിന്റെ പരിമിതിയാണ് പ്രശ്‌നമായത്.ഇതിനെ തുടര്‍ന്ന് സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ നിര്‍മ്മാണം നടത്തുവാന്‍ ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ല.കോടതിയുടെ പ്രത്യേക നിര്‍ദ്ദേക പ്രകാരം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ മിഷനുമായി സഹകിരച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി ജില്ലാ കേന്ദ്രം വഴി സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും തുടര്‍ നടപടികള്‍ നടന്നില്ല.പത്തോളം കച്ചവട കേന്ദ്രങ്ങളായിരുന്നു മാര്‍ക്കറ്റിലുണ്ടായിരുന്നത്.

മാര്‍ക്കറ്റില്‍ നിന്ന് പുറത്ത് വിടുന്ന മാലിന്യം ഉത്ഭവ സ്ഥാനത്ത് വെച്ച് തന്നെ സംസ്‌ക്കരിക്കുന്നതിനായി ലക്ഷങ്ങള്‍ മുടക്കി ബയോഗ്യാസ് പ്ലാന്റും ഇവിടെ നിര്‍മ്മിച്ചിരുന്നു.എന്നാല്‍ മാര്‍ക്കറ്റ് അടച്ച് പൂട്ടിയതോടെ ബയോഗ്യാസ് പ്ലാന്റ് നശിച്ച് കൊണ്ടിരിക്കുകയാണ്.പ്ലാന്റ് പ്രവര്‍ത്തിക്കാതിരിക്കുന്നത് മൂലം പഞ്ചായത്തിലെ മാലിന്യ സംസ്‌ക്കരണവും അവതാളത്തിലായി.
കൊരട്ടി,കാടുകുറ്റി,മേലൂര്‍, അന്നമനട,കറുകുറ്റി തുടങ്ങിയ സമീപത്തെ പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ വരെ കൊരട്ടി മാര്‍ക്കറ്റിലെത്തിയിരുന്നതാണ്.ആധുനിക രീതിയിലുള്ള മാര്‍ക്കറ്റിന് ഒരു കോടയിലധികം രൂപയാണ് ചിലവ് പ്രതിക്ഷീക്കുന്നത്.എന്നാല്‍ കേന്ദ്രാവീക്ഷകൃത പദ്ധതി പ്രകാരം 40 ലക്ഷം രൂപ മാത്രമാണ് നിലവില്‍ മാര്‍ക്കറ്റുകളുടെ നടത്തിപ്പിനായി ലഭിച്ച് കൊണ്ടിരിക്കുന്നത്.
കൊരട്ടി പഞ്ചായത്ത് പുതിയ ബഡ്ജറ്റില്‍ പത്ത് ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ടെങ്കിലും,തുടര്‍ നടപടികള്‍ ഒന്നും ആരംഭിച്ചിട്ടില്ല.ആധുനിക കശാപ്പ് ശാല സ്വന്തമായി നിര്‍മ്മിക്കുവാന്‍ സാധിക്കുകയില്ലെങ്കില്‍ സമീപ പ്രദേശത്തെ രണ്ടോ മൂന്നോ പഞ്ചായത്തുകള്‍ ഒന്നിച്ച് പദ്ധതി നടപ്പിലാക്കുവാന്‍ കോടതി നിര്‍ദ്ദേശിച്ചെങ്കിലും അത് പ്രയോഗികമാക്കുമോ എന്ന.ആശങ്കയിലാണ് ഭരണാധികാരികള്‍. അനധികൃത കശാപ്പ് ശാലകളില്‍ നിന്ന് യാതൊരു തരത്തിലുള്ള വൃത്തിയും ഇല്ലാത്ത മാംസം ഭക്ഷിക്കേണ്ട ഗതിക്കേടിലാണ് നാട്ടുകാര്‍ അടിയന്തിരമായി പൊതു മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിക്കുവാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Powered by moviekillers.com