INFOPARK Koratty

INFOPARK Koratty

കൊരട്ടി: ഇന്‍ഫോപാര്‍ക്ക് തൃശൂരിന്റെ രണ്ടാം ഘട്ടത്തിലെ ആദ്യ കെട്ടിടമായ ഇന്ദീവരം 21ന് തുറക്കുന്നതോടെ ഐടി ബിസിനസ് രംഗത്ത് കൊരട്ടി ആഗോളഭൂപടത്തില്‍ ഇടംപിടിക്കും. കൊച്ചി, തൃശൂര്‍ എന്നീ നഗരങ്ങളുടെ സാമീപ്യവും കൊരട്ടിക്ക് ഗുണകരമാണ്. സാംസ്‌കാരിക നഗരിയായ തൃശൂര്‍ വളരെ വേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

മികച്ച ഗതാഗത സൗകര്യവും കൊരട്ടിയില്‍ ജീവിതച്ചെലവ് കുറവാണെന്നതും മേന്മകളാണ്. ഹരിതാഭമായ ക്യാംപസും വൃത്തിയുള്ള പരിസരപ്രദേശങ്ങളും മലിനമാകാത്ത അന്തരീക്ഷവും അന്താരാഷ്ട്ര കമ്പനികളെ ആകര്‍ഷിച്ചേക്കും. ക്യാംപസിന്റെ പച്ചപ്പ് നിലനിര്‍ത്തുന്ന രീതിയിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍. ഇന്ദീവരം എന്ന പേര് അന്വര്‍ത്ഥമാക്കുന്നതാണ് കൊരട്ടി ഇന്‍ഫോപാര്‍ക്കിന്റെ ചരിത്രം.

നീലത്താമര എന്ന അര്‍ത്ഥം വരുന്ന ഇന്ദീവരം ഗ്രീക്ക് പുരാണത്തില്‍ പുനര്‍ജന്മത്തിന്റെ അടയാളമാണ്. എഴുപതുകളില്‍ മധുര കോട്‌സും സര്‍ക്കാര്‍ അച്ചടിശാലയും പ്രവര്‍ത്തിച്ചിരുന്ന പ്രധാന വ്യവസായകേന്ദ്രമായിരുന്നു കൊരട്ടി. മധുര കോട്‌സിന്റെ വസതികളാണ് ആദ്യഘട്ടത്തില്‍ ഇന്‍ഫോപാര്‍ക്കിനായി ഉപയോഗിച്ചിരുന്നത്. ഇന്ദീവരം നിര്‍മിച്ചതിനുശേഷവും അടുത്തഘട്ട വികസനത്തിനായി മധുര കോട്‌സിന്റെ 12 ഏക്കര്‍ സ്ഥലം വികസനത്തിനായി ഉപയോഗിക്കും. മുന്‍കാലത്ത് വ്യവസായ മേഖലയായിരുന്ന പ്രദേശം ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ കൈവശമാണ്. ഇതും ഭാവിയില്‍ ഇന്‍ഫോപാര്‍ക്കിന്റെ വികസനത്തിനായി ഉപയോഗിക്കാനാകും.

ഒന്നാം ഘട്ടത്തില്‍ ചെറിയ കമ്പനികളും സ്റ്റാര്‍ട്ടപ്പുകളുമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ 30 കമ്പനികളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. ആധുനിക സ്ഥലസൗകര്യത്തിനായി കൂടുതല്‍ അന്വേഷണങ്ങള്‍ എത്തിയതോടെയാണ് രണ്ടാംഘട്ടത്തിനായുള്ള പ്രവര്‍ത്തനം തുടങ്ങിയത്. ഇതുവഴി വലിയ കമ്പനികള്‍ക്ക് ഇവിടെ പ്രവര്‍ത്തിക്കാനാകും. ആറേക്കറില്‍ ഒറ്റ ബ്ലോക്കായി നിര്‍മിച്ചിരിക്കുന്ന കെട്ടിടത്തിന് ആറുനിലകളിലായി 3.3 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമാണുള്ളത്. ആദ്യഘട്ടത്തില്‍ ആഭ്യന്തരവിപണി ലക്ഷ്യമിട്ടതിനാല്‍ പ്രത്യേക സാമ്പത്തികമേഖലയല്ലായിരുന്നു. എന്നാല്‍, ഇന്ദീവരം പ്രത്യേക സാമ്പത്തികമേഖലയായി പ്രഖ്യാപിച്ചതിനാല്‍ കയറ്റുമതി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ബിസിനസുകള്‍ക്ക് ഗുണകരമാകും. ആദ്യ ഘട്ടത്തിലെ കമ്പനികള്‍ മറ്റ് സ്ഥലം തേടിപ്പോകാതെ പുതിയ കെട്ടിടത്തില്‍ കൂടുതല്‍ സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കാന്‍ താത്പര്യപ്പെടുന്നു എന്നതുതന്നെ ഇന്‍ഫോപാര്‍ക്ക് തൃശൂരിന്റെ നേട്ടമാണ്.

കേരളത്തില്‍ ഐടി രംഗത്ത് മൂവായിരം കോടി രൂപയാണ് ഇന്‍ഫോപാര്‍ക്കിന്റെ കയറ്റുമതി വരുമാനം. വര്‍ഷത്തില്‍ 30 മുതല്‍ 32 ശതമാനം വരെ വര്‍ദ്ധന രേഖപ്പെടുത്തുന്നു. ഇതില്‍ ഭൂരിഭാഗവും കൊച്ചിയില്‍ നിന്നാണ്. ഇന്‍ഫോപാര്‍ക്ക് തൃശൂരില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടെ കൊച്ചിയോടൊപ്പം മികച്ച വളര്‍ച്ച നേടാന്‍ സാധിക്കും. ഇന്ദീവരത്തില്‍ നിന്നു മാത്രം മൂവായിരം തൊഴിലവസരങ്ങളുണ്ടാകും. ഇവിടുത്തെ സൗകര്യങ്ങളും സ്ഥലവും പൂര്‍ണമായി ഉപയോഗപ്പെടുത്തുമ്പോള്‍ പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. രണ്ടാം ഘട്ടത്തിലെ ആദ്യ കെട്ടിടമായ ഇന്ദീവരത്തില്‍ 3.3 ലക്ഷം ചതുരശ്രയടി സ്ഥലമാണ് ബിസിനസിനായി ലഭ്യമാകുന്നത്.3000ത്തിലധികം പേര്‍ക്ക് പുതിയതായി മികച്ച ജോലി ലഭിക്കാന്‍ ഇതുവഴി കഴിയും.

15000 പേര്‍ക്ക് നേരിട്ടല്ലാതെ ജോലി ലഭിക്കും. എയര്‍പോര്‍ട്ടിനോടും നാഷണല്‍ ഹൈവേയോടുമുള്ള സാമീപ്യവും എപ്പോഴും ലഭ്യമാക്കുന്ന വൈദ്യുതിയും വെള്ളവും ഇന്റര്‍നെററ് കണക്ടിവിറ്റിയും കൊരട്ടി ഇന്‍ഫോപാര്‍ക്കിന് പുതിയ ചിറകുകള്‍ നല്കും. ഐടി സംരംഭകരംഗത്തെ ഒട്ടേറെ പ്രമുഖര്‍ ഇപ്പോള്‍ത്തന്നെ കൊരട്ടിയില്‍ താത്പര്യം കാണിക്കുന്നുണ്ട്. ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാംഘട്ടം 21-ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. രണ്ടാം ഘട്ടത്തിലെ പ്രമുഖ കമ്പനികളായ അല്‍മോതാഹിത എജ്യൂക്കേഷന്‍, യൂവിയോണിക്‌സ് ടെക്, യോപ്റ്റിമിസോ ഐടി സൊല്യൂഷന്‍സ്, ബ്രാഡോക്ക് ഇന്‍ഫോടെക്, ഐസിറ്റി അക്കാദമി എന്നിവയ്ക്കുള്ള താക്കോലുകള്‍ ഉദ്ഘാടനച്ചടങ്ങില്‍ കൈമാറും.

Powered by moviekillers.com